EMAIL

info@dheevaratrust.com

Call Now

+91 484 4060435
+91 85472 41822

News

17
Mar

AR Vineet Flute Exponent only disciple of Of Pt. Hari Prasad Chaurasia from Kerala.

കണ്ണൂരിലെ പാപ്പിനിശേരിയില്‍ ശ്രീ രാധാകൃഷ്ണന്‍- ശ്രീമതി വിശാലാക്ഷി ദമ്പതികളുടെ മകനായി ജനനം.
ശ്രീമതി വിശാലാക്ഷി, കേരള ക്ഷീര വികസന വകുപ്പില്‍ പാപ്പിനിശേരിയില്‍ ജോലി ചെയ്ത കാലം. സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന പിതാവുമൊന്നിച്ചു അവിടെ ജീവിച്ചനാളുകളുടെ ഓര്‍മ്മയില്‍ കാവിലെ ഭജനകള്‍ ഇപ്പോഴും തുടി താളം കൊട്ടുന്നു. അമ്മയുടെ ജോലിയിലെ സ്ഥലം മാറ്റം അച്ഛന്റെ തറവാട്ടിനടുത്തെ ചേര്‍ത്തലയിലേക്കാകുമ്പോഴേക്കും വിദ്യാരംഭത്തിന് പ്രായമായി.
വിദ്യാരംഭം കുറിച്ചത് വിഖ്യാത സംഗീതജ്ഞനായ പട്ടണക്കാട് പുരുഷോത്തമന്റെ സവിധത്തിലും.
അയല്‍വീട്ടിലെ ആ വലിയ ഗായകന്റെ വീട്ടില്‍ ഹാര്‍മ്മോണിയം വായിച്ചിരുന്ന സ്വാമിജിയെപ്പോലെ ആകണം എന്ന ചിന്ത കൊണ്ടെത്തിച്ചത് കുടുംബ സുഹൃത്തായ സെബാസ്റ്റ്യന്‍മാസ്റ്ററുടെ അടുത്ത്. അദ്ദേഹം പിയാനൊ വായനയിലേക്ക് വിനീതിന്റെ വഴികള്‍ കാട്ടി. ഒപ്പം ശാസ്ത്രീയ സംഗീതത്തിലേക്കും വഴി തുടര്‍ന്നു. പനങ്ങാട് മഹാദേവന്‍ മാസ്റ്ററുടെ കീഴില്‍ കര്‍ണ്ണാടിക് പുല്ലാങ്കുഴല്‍ വാദനം പഠിക്കുവാനവസരം കെെവന്നതും ഈ വേളയില്‍. ചേര്‍ത്തല ECEK യൂണിയന്‍ ഹെെസ്ക്കൂളിലെ പഠന കാലത്ത് സംഗീതത്തില്‍ ശ്രദ്ധ വച്ചുവെങ്കിലും മത്സരവേദികളില്‍ നിന്ന് അകന്നു നിന്നു. കോളേജ് പഠനത്തിനായി സെന്റ് ആല്‍ബേര്‍ട്സ് കോളേജിലെത്തിയപ്പോള്‍ ബോഡി ബില്‍ഡിംഗില്‍ കമ്പമേറി സ്പോര്‍ട്സിലും ഒരു കെെവച്ചു.
സ്പോര്‍ട്സ് ഇനങ്ങളില്‍ യൂണിവേഴ്സിറ്റി തലത്തിലും സംസ്ഥാന സബ്ജൂനിയര്‍ തലത്തിലും സമ്മാനങ്ങള്‍ നേടി. അവിടെ നിന്ന് ലഭിച്ച അവസരത്തിലൂടെ ഇന്ത്യന്‍ നേവിയുടെ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആദ്യത്തെ പോസ്റ്റിംഗ് ഗോവയിലെ ഒരു ഷിപ്പിലും തുടര്‍ന്ന് ഗോവ നേവൽ ബേസിലും. ആ സമയത്ത് പിയാനൊ പഠനം തുടരുന്നതിനു കഴിഞ്ഞു. Trinity College of London ലെ ഗ്രേഡ് പരീക്ഷയില്‍ വിജയിച്ചു.
ഗോവയില്‍ കർണാട്ടിക് അദ്ധ്യാപകരുടെ അഭാവം ഹിന്ദുസ്ഥാനി പഠനത്തിലേക്കു നയിച്ച ഫ്ലൂട്ടും വോക്കലും കര്‍ണാടക ശെെലിയില്‍ നിന്ന് വ്യത്യാസമായതിനാൽ തുടക്കത്തിൽ ഏറെ ബുദ്ധിമുട്ടി.
ഇതിനിടയില്‍ ഗോവയിലെ ചില ബാൻഡുകളിൽ കീബോര്‍ഡിസ്റ്റായി പോയിരുന്ന സാഹസികതയും കെെമുതലായുണ്ട്. നിഷ്കളങ്കനായ തന്റെ സംഗീതാഭിരുചിയായിരുന്നു അതിന് പ്രേരണ! അനുവാദമില്ലാതെ
സെെനികന് ഇതിലൊന്നും പങ്കെടുക്കുവാന്‍ പാടില്ലയെന്ന പാഠവും പഠിച്ച കഥ വിനീത് ഒരു പുഞ്ചിരിയോടെ പങ്കു വെയ്ക്കുന്നു.
തുടര്‍ന്ന്, മുംബെെയിൽ പോസ്റ്റിംഗ് ലഭിച്ചത് വലിയൊരു
സ്വപ്നസാക്ഷാത്ക്കാരത്തിലേക്കാണ്.
ബാസുരിയിലൂടെ സംഗീത ലോകം കെെയിലേന്തിയ പദ്മവിഭൂഷൺ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയെ കാണണമെന്നു മാത്രമായിരുന്നു മോഹം.
''പലതവണ പോയിരുന്നെങ്കിലും കാണാൻ പറ്റിയിരുന്നില്ല. ഒടുവിൽ ഒരു ഞായറാഴ്ച ആ ശ്രമങ്ങള്‍ക്കു ഫലം കണ്ടു. ഞാൻ എന്റെ ആഗ്രഹം പറഞ്ഞു. ഒരു സൈനികനായത് കൊണ്ടാവണം, ശിഷ്യത്വം ലഭിക്കാനുള്ള എന്റെ ആഗ്രഹം അദ്ദേഹം കേട്ടു. അടുത്ത ക്ലാസ് തൊട്ട് വരാൻ പറഞ്ഞു''. വിനീതിന്റെ ആഹ്ളാദം തുടിക്കുന്ന വാക്കുകള്‍.
അദ്ദേഹം പിന്നീട് ഭുബനേശ്വറിൽ തന്റെ 'ഗുരുകുലം' തുടങ്ങിയപ്പോൾ മുതൽ പലപ്പോഴും ലീവ് എടുത്തു അവിടെ പോയി.
അവിടെ താമസിച്ചു ഗുരുകുല സമ്പ്രദായത്തിൽ പഠനം തുടർന്നു. ഇപ്പോഴും തുടരുന്നു.
വിശ്വവിഖ്യാത ബാസുരി ഉപാസകന് കേരളത്തിൽ നിന്നുള്ള ഏക ശിഷ്യൻ എന്ന സ്ഥാനം നിതാന്ത പരിശ്രമത്തിലൂടെ നേടിയെടുത്തതിന്റെ ചാരിതാര്‍ത്ഥ്യം വിനീതിന്റെ വാക്കുകളില്‍ നിറഞ്ഞു നിന്നു.
ഇതിനിടയിലും കര്‍ണ്ണാടക സംഗീത പരിശീലനം തുടര്‍ന്നു പോന്നു; നാട്ടിലെത്തിയ വേളയിലാകെ. ചേർത്തല
ശ്രീ അരുണാധരൻ മാഷ് കർണാടക സംഗീതം വോക്കലിലും ശ്രീ വിവേക് ഷേണായ് കർണാടിക് ഫ്ലൂട്ടിലും ഗുരുക്കള്‍.
നാട്ടിലേക്കുള്ള യാത്ര ക്രമേണ കുറഞ്ഞതോടെ ഹിന്ദുസ്ഥാനിയിൽ തന്നെയായി മുഴുവൻ സമയം സാധനയും.
ഈ കാലത്ത് മുംബൈയിലും കൊച്ചിയിലുമൊക്കെയായി ചില പരസ്യങ്ങള്‍ക്കും ജിംഗിൾസിനും വേണ്ടി ഫ്ലൂട്ട് വായിച്ചിരുന്നു.
നാട്ടിൽ വരുമ്പോൾ ഹാര്‍മോണിയത്തിലോ കീബോര്‍ഡിലോ ഭജനകൾക്കു അകമ്പടിയും.
''സ്വയം സേവകൻ'' എന്ന ഒരു ഷോർട്ഫിലിമിന്റെ സംഗീതസംവിധാനവും നിർവഹിച്ചു .
ഇപ്പോൾ ഒരു ഷോർട്ഫിലിമിന്റെ പണിപ്പുരയിലാണ്. കേരളത്തിലും പുറത്തുമായി ഹിന്ദുസ്ഥാനി ജുഗല്‍ബന്ദിയും സോളോ കച്ചേരിയും അവതരിപ്പിക്കുവാന്‍ അവസരങ്ങളേറെയുണ്ടായി.
വൈക്കത്തമ്പലത്തിൽ വൈക്കത്തഷ്ടമിക്ക് പ്രശസ്ത സംഗീതജ്ഞർ സാക്ഷ്യം വഹിച്ച കച്ചേരി എക്കാലത്തേയും വലിയ അനുഭവമായി വിനീത് മനസ്സിലേറ്റുന്നു.
ഇന്ത്യന്‍ നേവിയിലെ സ്തുത്യര്‍ഹമായ സേവനത്തില്‍ നിന്നു വിരമിച്ച ശേഷം 2017 ല്‍ ബാങ്കിംഗ് ടെസ്റ്റിലൂടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മാര്‍ക്കെറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയില്‍ നിയമനം നേടി. ആദ്യപോസ്റ്റിംഗ് തമിഴ് നാട് കാര്‍വഴി ശാഖയില്‍. തുടര്‍ന്ന് കരൂര്‍ ശാഖയിലേക്ക്. ഇപ്പോള്‍ അവിടെ തുടരുന്നു.
പെയിന്റിംഗ്/ ഡ്രായിംഗ് കലയില്‍ നിപുണയായ ശ്രീമതി വീണ വിശ്വൻ ഇമ്പമേറ്റുന്ന വിനീതിന്റെ കുടുംബക്കച്ചേരിയില്‍ ആഭേരി , അഭിനവ് സാരംഗ് എന്ന രണ്ടു കല്ലോലിനികള്‍ സ്വരരാഗ പൂര്‍ണ്ണിമ ചാര്‍ത്തുന്നു. വീണ, ഇടപ്പള്ളി അമൃത മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫിസിയൊ തെറാപ്പിസ്റ്റായി ജോലി നോക്കുന്നു. ആഭേരി ഏഴിലും അഭിനവ് രണ്ടിലും പഠിക്കുന്നു. അവര്‍ അമ്മയോടൊപ്പം എരമല്ലൂരില്‍ താമസം. ക്ഷീരവികസന വകുപ്പില്‍ നിന്ന് അഡ്മിനിസ്റ്റ്രേറ്റീവ് അസിസ്റ്റന്റായി വിരമിച്ച അമ്മ, അച്ഛനോടൊപ്പം ചേര്‍ത്തലയിലെ തറവാട്ടിലും.
ലോക്ക്ഡൗണ്‍ കാലത്ത് വിനീത് കുടുംബത്തോടൊപ്പം എറണാകുളത്തായിരുന്നു.
ഇളവു കിട്ടിയ സമയം അടുത്ത നാളില്‍ കരൂരില്‍ മടങ്ങി എത്തിയിരിക്കുന്നു.
ലോക്ക് ഡൗണ്‍ നാളുകളില്‍ സംഗീത സപര്യയിലൂടെ മനം കവര്‍ന്ന അനേകം പ്രതിഭകളുണ്ട് ടാലന്റ്ഡ് ബാങ്കേഴ്സിന്റെ പ്രതിഭാ പരിചയ ശ്രേണിയില്‍.അതിലൊരു തിളങ്ങുന്ന താരമായ സൂരജ് നല്ലൂരിന്റെ വാക്കുകള്‍ക്ക് പ്രസക്തിയുണ്ട്.
''വിനീത് മാഷിന്റെ പുല്ലാംകുഴലിലൂടെ ദേശ് രാഗം കേട്ടപ്പോൾ ഹിന്ദുസ്ഥാനി പഠിക്കണം എന്ന മോഹം മനസ്സിൽ മുളപൊട്ടി.. ആഹാ എന്താ ഫീല്‍... സ്വരങ്ങൾ ഇഴചേർന്നു വരുന്നൊരു മാന്ത്രികത''.
ഈ വാക്കുകളാണ് വിനീതിലേക്കെത്തിച്ചതും അനിതരസാധാരണമായ സംഗീതാര്‍പ്പണത്തിന്റെ പൊരുളറിയുവാന്‍ നമുക്കായതും.
പുല്ലാങ്കുഴലും വീണയും ആഭേരിയും സാരംഗും സ്വരസായി മീട്ടുന്ന ഈ സംഗീത പ്രതിഭക്ക് ടാലന്റഡ്ബാങ്കേഴ്സ് കൂട്ടായ്മയുടെ ആശംസകള്‍ നേരുന്നു.