info@dheevaratrust.com
കേരളത്തിലെ ധീവര സമുദായത്തിൽപ്പെട്ട സഹോദരീ-സഹോദരന്മാരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കൂട്ടായ്മയാണ്. പരസ്പരം അറിയാനും അറിയിക്കാനും ഈ കൂട്ടായ്മ ലക്ഷ്യം വെയ്ക്കുന്നു. വാദിയ്ക്കാനും ജയിയ്ക്കാനുമല്ല. സംഘടിയ്ക്കാൻ കഴിയുമെങ്കിൽ ശക്തരാകാം. ധീവരസമൂഹത്തിന്നെതിരെയുണ്ടാകുന്ന കടന്നാക്രമണങ്ങൾ ചെറുക്കുവാനും വിദ്യാഭ്യാസ പരമായും സാംസ്ക്കാരികമായും പുരോഗതിയിലേക്ക് ധീവര - പാർശ്വവൽക്കൃത സമൂഹങ്ങളെ നയിക്കുവാനും നമ്മുടെ സാമ്പത്തികമായ ഉയർച്ചയ്ക്കും ട്രസ്റ്റ് ലക്ഷ്യം വെയ്ക്കുന്നു.
ദർശനം (VISION):
ധീവര സമുദായത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ആവശ്യമുള്ള വിദ്യാർത്ഥികൾക്കും ധീവരസമൂഹത്തിലെ നിരാലംബരായ ആളുകൾക്കും പിന്തുണയും പ്രോത്സാഹനവും നൽകാനും സമുദായത്തിലെ മറ്റുള്ളവരെ സഹായിക്കാൻ അവരെ പ്രചോദിപ്പിക്കുന്നതിനായി അവരുടെ ജീവിതത്തിൽ അനുയോജ്യമായ രീതിയിൽ മാറ്റം വരുത്താനും ഞങ്ങൾ ലക്ഷ്യമിടുന്നു.
ദൗത്യം (MISSION):
ധീവരൻ, ധീയെ വരിച്ചവൻ. ധീയെന്നാൽ ബുദ്ധി.അതായതു് ധീവരൻ ബുദ്ധിയെ വരിച്ചവൻ. വാൽമീകിയുടെയും വ്യാസൻ്റെയും വിരാടൻ്റെയും പാരമ്പര്യമുള്ള ഒരു സമൂഹം കാലത്തിൻറെ കുത്തൊഴുക്കിൽ നാമാവശേഷമായ കഥയാണ് ധീവരൻറേത്.ശക്തിയിലും ബുദ്ധിയിലും ആകാര സൗഷ്ടവ ത്തിലും സൗന്ദര്യത്തിലും ആരുടേയും പിന്നിലല്ലാത്ത ധീവരൻ സമുദ്രതീരങ്ങളിലും കായൽ തീരങ്ങളിലും കുടികൾ കെട്ടിപ്പാർത്തു.തൊട്ടു തീണ്ടായ്മയും ഉച്ച നീചത്വങ്ങളും കൊടികുത്തി വാണിരുന്ന കാലത്തു നിന്നും മോചിതരായി സ്വാതന്ത്ര്യത്തിൻ്റെയും സമത്വത്തിൻ്റെയും അവസരസമത്വങ്ങളുടെയും മധുരം നുണയാൻ മലയാള സമൂഹത്തിനാകെ കഴിഞ്ഞെങ്കിലും ധീവരൻ വളരെ പിന്നോക്കം പോയി. ഒരു കാറൽ മാർക്സും ശ്രീനാരായണ ഗുരുവും നമ്മളിൽ നിന്ന് ജനിയ്ക്കാൻ കാത്തിരിയ്ക്കരുതു്. സംഘടിച്ചു ശക്തരാകുക എന്ന ഗുരു വചനം നമ്മുക്കും ഏറ്റെടുക്കാം. സാമൂഹികമായും വിദ്യാഭ്യാസ പരമായും സാംസ്കാരികമായും സാമ്പത്തികമായും ശക്തമാകണം. എന്നിരിയ്ക്കിലും വിദ്യാഭ്യാസ പുരോഗതിയ്ക്കായിരിക്കും നമ്മുടെ മുൻഗണന. നിർദ്ധനരായ നമ്മുടെ കുട്ടികൾക്ക് സ്പോൺഷർ ഷിപ്പ് ഏർപ്പെടുത്താൻ പദ്ധതിയുണ്ട്. സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറാകുന്ന നിർദ്ധനരായ കുട്ടികൾക്കും സാമ്പത്തിക സഹായം നൽകാനുള്ള പദ്ധതികളുമുണ്ടു്. ശ്രീ.മാതാ അമൃതാനന്ദമയീ ദേവീ, മലയാളത്തിൻ്റെ ഇളയരാജ ശ്രീ. കെ.രാഘവൻ മാസ്റ്റർ, വിദ്യാഭ്യാസ പരിഷ്കർത്താവു് റാവു ബഹദൂർ ശ്രീ.വി.വി.ഗോവിന്ദൻ ,കവി തിലകൻ ശ്രീ.പണ്ഡിറ്റ് കറുപ്പൻ മാസ്റ്റർ, ശ്രീ.പി.കെ.ഡീ വർ, ധീര ദേശാഭിമാനി ചെമ്പിൽ ശ്രീ.അനന്തപത്മനാഭൻ കൺകുമരൻ എന്ന വലിയ അരയൻ, ഡോക്ടർ ശ്രീ.വേലു കുട്ടി അരയൻ, കവിയും സംസ്കൃത പണ്ഡിതനുമായ ശ്രീ.കെ.കെ. പണിക്കർ, അഖില കേരള ധീവരസഭയുടെ സ്ഥാപക പ്രസിഡൻ്റ് ശ്രീ.കെ.കെ.ഭാസ്ക്കരൻ തുടങ്ങി നിരവധി ബഹുമുഖ പ്രതിഭകൾ ജനിച്ച ധീവരസമൂഹം എന്തേ അറച്ചു നിൽക്കുന്നു.ഇതര സമൂഹങ്ങളെപ്പോലെ ഞാൻ ധീവരൻ എന്ന് ആത്മാഭിമാനത്തോടെ പറയാവുന്ന ഒരു നാളെയ്ക്കായി സംഘടിച്ചു മുന്നേറാം.
ധീവരരുടെ സാമ്പത്തികവും സാമൂഹികവും സാംസ്കാരികവും ആരോഗ്യപരവുമായ ജീവിതത്തെ മെച്ചപെടുതുന്നതിനു വേണ്ടത്ര സഹായങ്ങൾ ചെയ്തുകൊണ്ട് പിന്തുണയ്ക്കാൻ ഞങ്ങൾ ഒന്നടങ്കം കൈകോർക്കുന്നു.
ഞങ്ങളുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന്, ഞങ്ങൾ ഇനിപ്പറയുന്ന ദൗത്യ ലക്ഷ്യങ്ങൾ സ്വീകരിക്കുന്നു.
1. ധീവരരുടെ ജീവിതത്തിൽ സുസ്ഥിരമായ മാറ്റം കൊണ്ടുവരുന്നതിനുള്ള പിന്തുണാ സംരംഭങ്ങളെ പരിപോഷിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുക
2. ധീവരസമൂഹങ്ങൾക്കിടയിൽ വിദ്യാഭ്യാസവും സാമ്പത്തിക വളർച്ചാ വൈദഗ്ധ്യവും പ്രോത്സാഹിപ്പിക്കുക.
3. കൗൺസിലിംഗ്, സാമ്പത്തിക പിന്തുണ എന്നിവ വാഗ്ദാനം ചെയ്യുക.
4. യുവ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നതിനായി ശാസ്ത്ര സെമിനാറുകൾ നടത്തുക.
5. വിദ്യാർത്ഥികളുടെ പ്രോത്സാഹനത്തിനും അവരുടെ മികച്ച കരിയറിനുമായി കരിയർ ഗൈഡൻസ് പ്രോഗ്രാമുകളും മറ്റു പരിപാടികളും നടത്തുക
6. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സേവനങ്ങൾ, കൃഷി എന്നിവയിലേക്കുള്ള സേവനങ്ങളിലേക്ക് ശ്രദ്ധചെലുത്തുക.
7. കുടുംബങ്ങളുടെ അവബോധത്തെക്കുറിച്ചും നല്ല പോഷകാഹാരത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും സാംസ്കാരികവും പരമ്പരാഗതവുമായ എല്ലാ പ്രവർത്തനങ്ങളും ട്രസ്റ്റിൽ സംഘടിപ്പിക്കുക.
8.പാർശ്വവത്കരിക്കപ്പെട്ടെ സമൂഹത്തിന്റെ ഉന്നമനത്തിന് ഗവർൺമെന്റ് നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ച് സമുദായ അംഗങ്ങളെ ബോധവത്കരിക്കുന്നതിനും അവമൂലം ലക്ഷ്യം കൈവരിക്കുന്നതിനും സഹായിക്കുക.
9.ഗവർൺമെന്റിന്റെ തന്ത്ര പ്രധാന വകുപ്പുകളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ആവശ്യമായ വഴി കാട്ടുക.
10.നവീന കോഴ്സുകൾ പഠിക്കുന്നതിനും വ്യത്യസ്ത ജോലികൾ/ സ്വയം തൊഴിൽ ലഭ്യമാക്കി സാമ്പത്തിക ഉന്നമനം നേടുന്നതിനും സഹായിക്കുക.
11.രാജ്യസ്നേഹവും സാമൂഹ്യ ഉത്തരവാദിത്വ ബോധവും വളർത്തുന്നതിന് പരിശ്രമിക്കുക.
അരയന്മാര്‍ (ശംഖന്മാര്‍), മുക്കുവന്മാര്‍, വാലന്മാര്‍ (ഭരതന്മാര്‍), മുകയര്‍, നുളയര്‍, പരവന്മാര്‍, മരയ്ക്കാന്മാര്‍, അമുക്കുവന്മാര്‍ എന്നിവര്‍ ധീവരവര്‍ഗത്തിലെ പ്രധാന വിഭാഗങ്ങളാകുന്നു. ഇവരില്‍ അരയന്മാരും മുക്കുവന്മാരും സംഖ്യാബലത്തില്‍ മുന്നിട്ടുനില്ക്കുന്നു.
അരയന്‍ എന്ന പദം നാടുവാഴി എന്നര്‍ഥമുള്ള 'അരശന്‍' എന്ന ദ്രാവിഡപദത്തിന്റെ മറ്റൊരു രൂപം ആവാനിടയുണ്ട്. മത്സ്യബന്ധനം മുഖ്യതൊഴിലാക്കിയ ധീവരവര്‍ഗക്കാര്‍ ഇന്ത്യയില്‍ പല പ്രദേശങ്ങളിലും ഒരു കാലത്ത് നാടുവാഴികളായിരുന്നു. അവരുടെ പ്രാമാണികത്വത്തിന് സിന്ധുതടസംസ്കാരകാലത്തോളം പഴക്കമുണ്ട്. സിന്ധുതടപ്രദേശങ്ങളില്‍ പാര്‍ത്തിരുന്നവരില്‍ 'മീനര്‍' (Minas) അഥവാ 'മീനവര്‍' (Minavas), 'പരവന്മാര്‍' (Paravas) അഥവാ 'പരവതന്മാര്‍' (Paravathas) എന്നിവരായിരുന്നു പ്രബലരും പ്രമുഖരുമായ വിഭാഗക്കാര്‍ എന്നു ചില ചരിത്രരേഖകള്‍ തെളിയിക്കുന്നു. ധീവരഗോത്രജരെന്ന് ഇന്ന് അറിയപ്പെടുന്ന ജനവിഭാഗങ്ങളെല്ലാം മീനവ, പരവന്മാരുടെ പിന്‍ഗാമികളാണെന്നു വിശ്വസിക്കപ്പെടുന്നു. പുരാതന ഭാരതത്തില്‍ മിനാട്, പരവനാട്, മരംകൊത്തിനാട്, ഏള്‍നാട് എന്നിങ്ങനെ നാലു രാജ്യങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ഫാദര്‍ ഹീറാസ് (Fr.Heras) അഭിപ്രായപ്പെടുന്നു. ഈ രാജ്യങ്ങളിലെ രാജാക്കന്മാരുടെ കൊടിയടയാളം 'രണ്ടു മത്സ്യങ്ങള്‍' ആയിരുന്നത്രെ. രാജ്യവാസികളുടെ മുഖ്യതൊഴിലുകള്‍ മത്സ്യബന്ധനവും സമുദ്രാന്തരീയ വ്യാപാരവുമായിരുന്നു. എന്നാല്‍ കപ്പല്‍നിര്‍മാണം, കൃഷി എന്നീ ഉപതൊഴിലുകളിലും ഇവര്‍ ഏര്‍പ്പെട്ടിരുന്നു.
ദക്ഷിണേന്ത്യയിലും ധീവരവര്‍ഗക്കാരുടെ ഒരു മീനവരാജ്യം വേലൂര്‍ പട്ടണം കേന്ദ്രമാക്കി നിലനിന്നിരുന്നതായി സംഘകാലകൃതികളില്‍നിന്നു മനസ്സിലാക്കാം. ഭാരതത്തിന്റെ ഉത്തര-പൂര്‍വദേശങ്ങളില്‍ നിന്ന് അവിടത്തെ ആദിമനിവാസികളായിരുന്നവര്‍ ആദ്യകാലത്തുതന്നെ വേലൂരിലേക്കു കുടിയേറിപ്പാര്‍ത്തുതുടങ്ങിയിരുന്നു. കുടിയേറ്റക്കാരില്‍ മീനവന്മാരും പരവന്മാരുമായിരുന്നു പ്രമുഖ വിഭാഗങ്ങള്‍. അവരെക്കൂടാതെ വില്ലവര്‍ (വില്ലാളികള്‍), എട്ടുകാലികള്‍ (നെയ്ത്തുകാര്‍), എറുവന്മാര്‍ (ഖനനജോലിക്കാര്‍) എന്നിവരുമുണ്ടായിരുന്നു. ആര്യന്മാരുടെ ആഗമനത്തോടുകൂടി കുടിയേറ്റക്കാരുടെ സംഖ്യ വര്‍ധിച്ചു. അവര്‍ കരമാര്‍ഗമായും ജലമാര്‍ഗമായും വേലൂരിലേക്കും തൊട്ടടുത്ത പ്രദേശങ്ങളിലേക്കും കൂട്ടംകൂട്ടമായി എത്തിച്ചേര്‍ന്നു. കരവഴി വന്നവര്‍ കുന്നിന്‍ചരിവുകളിലും സമതലങ്ങളിലും കാടുകളിലും അധിവാസമുറപ്പിച്ചു. കടല്‍വഴി വന്നവര്‍ തമിഴ്നാടിന്റെയും കേരളത്തിന്റെയും കടലോരങ്ങളില്‍ പാര്‍പ്പിടങ്ങള്‍ സ്ഥാപിച്ചു. ഓരോ വിഭാഗക്കാരും തങ്ങളുടെ പൂര്‍വികമായ തൊഴിലുകള്‍ പുനരാരംഭിച്ചു. സമതലങ്ങളില്‍ വാസമാക്കിയവര്‍ കുരുമുളക് (കോലം) കൃഷി ചെയ്ത് ഉപജീവനം നടത്തി. ഇക്കൂട്ടര്‍ 'കോലരയന്മാര്‍' എന്ന് അറിയപ്പെട്ടു. കുന്നിന്‍ചരിവുകളിലും കാടുകളിലും വേട്ടയാടിക്കഴിഞ്ഞവര്‍ 'മലയരയന്മാര്‍' എന്നു വിളിക്കപ്പെട്ടു. കടല്‍ത്തീരത്തു താമസമാക്കുകയും മീന്‍പിടിത്തം മുഖ്യതൊഴിലായി സ്വീകരിക്കുകയും ചെയ്തവര്‍ക്കു 'കടലരയന്മാര്‍' എന്നു പേരു സിദ്ധിച്ചു.
കേരളത്തില്‍ രാജവാഴ്ച അവസാനിക്കുന്നതുവരെ അരയന്മാര്‍ക്കിടയില്‍ സ്ഥാനികള്‍ ഉണ്ടായിരുന്നു. ഇവര്‍ രാജാക്കന്മാരുടെ അകമ്പടിക്കാരായിരുന്നു. രാജാക്കന്മാര്‍ പള്ളിയോടങ്ങളില്‍ എഴുന്നള്ളുമ്പോള്‍ ഓടങ്ങള്‍ നയിക്കുവാനും അകമ്പടി സേവിക്കുവാനും ചില അരയപ്രമാണിമാരെ നിയോഗിച്ചിരുന്നു. അവര്‍ക്ക് വലിയഅരയന്‍ എന്ന സ്ഥാനപ്പേരും നല്കിയിരുന്നു. വലിയഅരയന്‍ ഊരിയവാള്‍ ഉയര്‍ത്തിപ്പിടിച്ച് മറ്റൊരു വള്ളത്തില്‍ രാജാവിനെ അകമ്പടി സേവിക്കുക എന്നതായിരുന്നു പതിവ്. തിരുവിതാംകൂര്‍ മഹാരാജാവിന്റെ സേനാനായകനും പ്രധാന അകമ്പടിക്കാരനായിരുന്നു 'ചെമ്പില്‍ വലിയഅരയന്‍'. അദ്ദേഹത്തെ കൂടാതെ 'തൃക്കുന്നപ്പുഴ വലിയഅരയന്‍', 'ആലപ്പുഴ വലിയഅരയന്‍' തുടങ്ങിയ സ്ഥാനികളും തിരുവിതാംകൂര്‍ രാജാക്കന്മാരുടെ അകമ്പടിക്കാരായി ഉണ്ടായിരുന്നു. കൊച്ചി രാജാക്കന്മാരെ അകമ്പടി സേവിച്ചിരുന്ന ആളാണ് 'കൊച്ചിയിലെ വലിയഅരയന്‍'. കൊച്ചി രാജാവ് അന്തരിച്ചു കഴിഞ്ഞാല്‍ പുതിയ രാജാവിന്റെ സ്ഥാനാരോഹണവേളയില്‍ ആദ്യമായി തിരുമുല്ക്കാഴ്ച (ഉപ്പും കയറും) അര്‍പ്പിക്കാനുള്ള അവകാശം നല്കപ്പെട്ടിരുന്നത് കൊച്ചിയിലെ വലിയ അരയനായിരുന്നു. കോഴിക്കോട്ടു സാമൂതിരിയും അരയപ്രമാണിമാര്‍ക്കു സ്ഥാനമാനങ്ങള്‍ നല്കിയിരുന്നു. കോഴിക്കോട്ടു നഗരത്തില്‍ കുഞ്ഞിക്കളത്തില്‍ എന്ന അരയകുടുംബത്തിന് പത്തേമാരികളും പണ്ടകശാലകളുമുണ്ടായിരുന്നു. ഇവര്‍ വിദേശവ്യാപാരത്തിലും ഏര്‍പ്പെട്ടിരുന്നു.
കേരളത്തിലെ നാവികപ്പട പല നൂറ്റാണ്ടുകളോളം ഇവിടത്തെ ധീവരസമുദായങ്ങളെ ആശ്രയിച്ചാണ് നിലനിന്നുപോന്നത്. തിരുവിതാംകൂര്‍ രാജാവിന്റെ നാവികപ്പടയുടെ നായകനായിരുന്നു ചെമ്പില്‍ അനന്തപദ്മനാഭന്‍ വലിയ അരയന്‍. കൊച്ചി വലിയ അരയനായിരുന്നു കൊച്ചി രാജാവിന്റെ നാവികസേനാമേധാവി. കുഞ്ഞാലിമരയ്ക്കാറിനു മുന്‍പ് സാമൂതിരിയുടെ നാവികപ്പടയുടെ നായകത്വം വഹിച്ചിരുന്നത് ഒരു അരയനായിരുന്നു.തിരുവിതാംകൂർ രാജ്യത്തെ നാവികസേനാമേധാവി ചെമ്പിൽ അരയൻ എന്ന യോദ്ധാവിന്റെ കീഴിൽ വന്ന അരയന്മാരുടെ പട 1808-ൽ മക്കാളെ പ്രഭുവിന്റെ കൊട്ടാരമായ ബോൾഗാട്ടി പാലസ് ആക്രമിച്ച് ബ്രിട്ടീഷുകാരെ നേരിട്ടതായി ചരിത്രമുണ്ട്. തൃപ്പൂണിത്തുറ കൊട്ടാരത്തിൽ നിന്ന് പുറപ്പെടുന്ന അത്തച്ചമയ ഘോഷയാത്രയിൽ ചെമ്പിൽ അരയന് പ്രത്യേകം സ്ഥാനം നൽകി വരുന്നുണ്ട്. കാലാള്‍പ്പടയിലും അരയന്മാരുടെ സേവനം പ്രസ്താവമര്‍ഹിക്കുന്നു. അമ്പലപ്പുഴ രാജാവിന്റെ കാലാള്‍പ്പടയില്‍ ഒട്ടുമുക്കാലും അരയന്മാരായിരുന്നു. തിരുവിതാംകൂറിലെയും ദേശിങ്ങനാട്ടിലെയും കരസേനയില്‍ അരയന്മാരായിരുന്നു ഏറ്റവുമധികം. ആറ്റിങ്ങല്‍ റാണിയുടെ സേനാനായകനായിരുന്ന വീരമാര്‍ത്താണ്ഡന്‍ ഒരു അരയനായിരുന്നു.
അരയന്മാര്‍ മുന്‍പ് കുടുമ വയ്ക്കുകയും കടുക്കന്‍ അണിയുകയും ചെയ്തിരുന്നു. സ്ത്രീകള്‍ മുടി മേല്പോട്ടു കോതി നെറ്റിത്തടത്തിനു മുകളിലായി കെട്ടിവയ്ക്കുകയായിരുന്നു പതിവ്. ഇവര്‍ വളകള്‍, തളകള്‍, മൂക്കുത്തി, തോട, തക്ക മുതലായവയും പവന്‍മാല, പക്ഷിക്കാശ്, പൊന്നോല മുതലായ കണ്ഠാഭരണങ്ങളും അണിയാറുണ്ടായിരുന്നു. സമുദായത്തില്‍ സ്ത്രീക്കു മാന്യമായ പദവി നല്കപ്പെട്ടിരുന്നു. സ്വത്തവകാശം, വ്യാപാരവ്യവസായസ്വാതന്ത്ര്യങ്ങള്‍, അദ്ധ്യാപനവൃത്തി നടത്താനുള്ള അവകാശം എന്നിവയിലെല്ലാം സ്ത്രീകള്‍ക്കു തുല്യത അനുവദിക്കപ്പെട്ടിരുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരബഹുമാനം പുലര്‍ത്തിപ്പോന്നു. ഭര്‍ത്താവ് ഭാര്യയെ 'തിരുവാള്‍' (തിരു + അവള്‍) എന്നും ഭാര്യ ഭര്‍ത്താവിനെ 'പതിയാള്‍' എന്നുമാണ് സംബോധന ചെയ്തിരുന്നത്.
അരയന്മാരുടെ സാമൂഹികജീവിതത്തില്‍ ആചാരങ്ങള്‍ക്കു വലിയ സ്ഥാനമുണ്ട്. ഒരു പെണ്‍കുട്ടി ഋതുമതിയായാല്‍ അവളെ ഏകയായി ഒരു മുറിയിലിരുത്തി നാലു ദിവസക്കാലം 'തൊട്ടുകൂടായ്മ' ആചരിച്ചിരുന്നു. നാലാം ദിവസം അവളെ കുളിപ്പിച്ച് പുതിയ വസ്ത്രങ്ങള്‍ അണിയിക്കുന്നു. അതിനുശേഷം പെണ്‍കുട്ടിയുടെ തലയില്‍ വെറ്റിലയിടുന്നു. പിന്നീട് കരി, അരി, സ്വര്‍ണം മുതലായവ വെവ്വേറെ കെട്ടിവച്ചിരിക്കുന്ന പൊതികളില്‍നിന്ന് ഒരു പൊതി എടുപ്പിക്കുന്നു. പൊതിയുടെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ ഭാഗ്യം പ്രവചിക്കപ്പെടുന്നു. തുടര്‍ന്നു ബന്ധുമിത്രാദികള്‍ക്ക് വിഭവസമൃദ്ധമായ സദ്യ നല്കപ്പെടുന്നു. ഒരു പെണ്‍കുട്ടി ഋതുമതിയാകുന്നത് വിവാഹാനന്തരമാണെങ്കില്‍ പതിനൊന്നു ദിവസം തൊട്ടുകൂടായ്മ ആചരിക്കുന്നതും പതിവായിരുന്നു.
ഋതുമതിയാകുന്നതിനു മുന്‍പ് താലികെട്ടുകല്യാണം നടത്തുകയെന്നതായിരുന്നു പഴയ കാലത്തെ ആചാരം. താലികെട്ടും വിവാഹവും ഒരേ അവസരത്തില്‍ നടത്തുകയാണ് ഇപ്പോഴത്തെ പതിവ്. പാതിവ്രത്യത്തിനു പരമപ്രാധാന്യം കല്പിക്കപ്പെടുന്നു. പതിവ്രതകളല്ലാത്തവരുടെ ഭര്‍ത്താക്കന്മാര്‍ കടലമ്മയുടെ കോപത്തിനും തന്മൂലം അപകടമരണത്തിനും വിധേയരാകുമെന്ന വിശ്വാസം രൂഢമൂലമാണ്. വിവാഹമോചനം സാധുവാകാന്‍ ഗ്രാമത്തലവന്റെയും സ്ഥാനികളുടെയും അംഗീകാരം ആവശ്യമാണ്. ഭര്‍ത്താവിന്റെ മരണശേഷം ഒരു കൊല്ലത്തെ ദുഃഖാചരണം കഴിഞ്ഞാല്‍ ഗ്രാമത്തലവന്റെ അനുമതിയോടെ പുനര്‍വിവാഹം കഴിക്കാം.
സ്ത്രീകള്‍ ആദ്യമായി ഗര്‍ഭം ധരിച്ചാല്‍ ഒരു നിശ്ചിത മാസത്തില്‍ 'പുളികുടി' നിര്‍വഹിക്കുന്നു. തദവസരത്തില്‍ ബന്ധുമിത്രാദികള്‍ ഗര്‍ഭിണിക്കു മധുരപലഹാരങ്ങള്‍ നല്കുന്നു. പ്രസവാനന്തരം ശിശു ആണാണെങ്കില്‍, ഇഷ്ടദേവതയായ ഭഗവതിയുടെ അനുഗ്രഹത്തിനുവേണ്ടി ഒരു തേങ്ങ ഉടയ്ക്കുന്നു; ശിശു പെണ്ണാണെങ്കില്‍ ഒരു ചിരട്ട ഉടയ്ക്കുകയും പ്രസവമുറിയുടെ വെളിയില്‍ മൂന്നു പ്രാവശ്യം തറയിലടിച്ച് ശബ്ദമുണ്ടാക്കുകയും ചെയ്യുന്നു. കുട്ടിക്ക് ആറു മാസം പ്രായമാകുമ്പോള്‍ ചോറൂണും നാമകരണവും നടത്തുന്നു.
മൃതദേഹങ്ങള്‍ ദഹിപ്പിക്കുകയോ കുഴിച്ചിടുകയോ ചെയ്യുന്നു. പരേതന്റെ ആത്മശാന്തിക്കായി അപരക്രിയകള്‍ നടത്തുക പതിവാണ്. പുരോഹിതന്‍ കൂടിയായ ക്ഷുരകന്‍ ഇതിന് ആധ്യാത്മികനേതൃത്വം നല്കുന്നു.
ക്രിസ്തുമതവും ഇസ്ലാംമതവും കേരളത്തില്‍ പ്രചരിക്കുന്നതുവരെ അരയന്മാര്‍, മറ്റു ധീവരവിഭാഗക്കാരെപ്പോലെ ഏറിയകൂറും ഹിന്ദുമതാനുയായികളായിരുന്നു. അങ്ങിങ്ങായി ബുദ്ധ-ജൈനമതവിശ്വാസികളുമുണ്ടായിരുന്നു. പ്രാചീനകാലം മുതല്‍ക്കേ അരയന്മാര്‍ ശക്തി(ഭഗവതി)യെ ഉപാസിച്ചിരുന്നു. കൂടാതെ വിഷ്ണു, ശിവന്‍, സുബ്രഹ്മണ്യന്‍, അയ്യപ്പന്‍ മുതലായ ദേവന്‍മാരെയും അവര്‍ ആരാധിച്ചുപോന്നു. തങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ ഭക്ഷ്യസാധനങ്ങളും അവര്‍ ദൈവങ്ങള്‍ക്കും കൊടുത്തിരുന്നു. പണ്ട് ഓരോ വീട്ടിലും ഇഷ്ടദേവതയെ പ്രതിഷ്ഠിച്ച ഭജനമുറികള്‍ (ശ്രീകോവിലുകള്‍) ഉണ്ടായിരുന്നു. പില്ക്കാലത്തു ബ്രാഹ്മണസമ്പ്രദായത്തിലുള്ള ക്ഷേത്രങ്ങള്‍ നിലവില്‍ വന്നതോടെ ദേവതകളുടെ ആസ്ഥാനം ക്ഷേത്രങ്ങളിലേക്കു മാറ്റി.
കേരളസംസ്കാരത്തിന്റെ പുരോഗതിയില്‍ അരയന്മാരുടെ നാവികപാരമ്പര്യം തനതായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. ചരിത്രാതീതകാലം മുതല്‍ കേരളത്തിനു വിദേശങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിഞ്ഞത് ഈ നാവികപാരമ്പര്യം മൂലമാണ്.
സർവ്വവിജ്ഞാനകോശം